കണ്ണൂർ: ബംഗളൂരുവിൽനിന്നു മാരക മയക്കുമരുന്നുകൾ കൊണ്ടുവന്ന് കേരളത്തിലെ ഏജന്റുമാർക്ക് എത്തിച്ചു നല്കുന്ന ദന്പതികൾ കണ്ണൂരിൽ പിടിയിൽ.
ബംഗ്ലൂരുവിൽ താമസിക്കുന്ന തയ്യിൽ കൊയിലാണ്ടി ഹൗസിൽ രാഹുൽ എന്ന ഷാഹുൽ ഹമീദ്, ഭാര്യ കുറ്റ്യാടി സ്വദേശിനി കക്കോട്ട് ചാലിൽ വീട്ടിൽ നജീമ എന്നിവരെയാണു കണ്ണൂർ സിറ്റി പോലീസും ഡാൻസാഫ് ടീമും ചേർന്ന് പിടികൂടുന്നത്.
സിറ്റി പോലീസ് കമ്മീഷണർക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് എസിപി പി. രാജേഷിന്റെ നിർദേശാനുസരണം കണ്ണൂർ ജില്ലാ ആശുപത്രി പരിസരത്ത് പോലീസ് നടത്തിയ റെയ്ഡിലാണ് ഇരുവരും വലയിലാകുന്നത്. ഇവരിൽനിന്നും 70.6 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി ലഹരിവില്പന തടയുന്നതിനാണ് പോലീസ് റെയ്ഡ് നടത്തിയത്. തയ്യിൽ സ്വദേശിക്ക് എത്തിച്ചുനൽകാനാണ് എംഡിഎംഎയുമായി ദന്പതികൾ എത്തിയത്. മൂന്നുവർഷം മുന്പ് എറണാകുളത്ത് ജോലി ആവശ്യാർഥം എത്തിയ രാഹുൽ വിവാഹിതയും രണ്ടു മക്കളുമുള്ള നജീമയുമായി അടുപ്പത്തിലാവുകയും പിന്നീട് മക്കളെ ഉപേക്ഷിച്ച് ബംഗളൂരുവിലേക്കു പോകുകയായിരുന്നു.
വിവാഹത്തിനു ശേഷമാണ് രാഹുൽ, ഷാഹുൽ ഹമീദ് എന്ന പേര് സ്വീകരിക്കുന്നത്. ഇതിൽ ഇരുവർക്കും ഒരു കുഞ്ഞുണ്ട്.
കുട്ടിയുമായി എത്തിയാണ് ദന്പതികൾ മയക്കുമരുന്ന് വില്പന നടത്തുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇവർ മയക്കുമരുന്ന് എത്തിച്ചു നല്കുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.